എന്റെ ആദ്യ പോസ്റ്റ് ഖുർആൻ മുഹമ്മദിന്റെ വക! എന്നതിൽ വന്ന ഒരു കമന്റ് ആണ് ഈ പുതിയ ശ്രമത്തിനാധാരം. ഡീപ്ഡൌൺ എന്ന എന്റെ സുഹൃത്ത് ഉന്നയിച്ചിരിക്കുന്ന രണ്ട് ആരോപണങ്ങളിൽ പ്രധാനപ്പെട്ടത് എന്ന് തോന്നിയ ഒരു വിഷയത്തെക്കുറിച്ച് അത്ര ഗഹനമല്ലാത്ത രീതിയിൽ ഒരുകുറിപ്പ് വേണമെന്ന് തോന്നിപ്പോയി.
പ്രവാചകൻ മുഹമ്മദ് നബി(സ) കാവ്യാത്മകതയിൽ നിപുണനായിരുന്നു എന്നാണ് സുഹൃത്തിന്റെ വാദം. ആ കമന്റുകളിലേക്ക്-
(((ഭാഷ പ്രയോഗിക്കുന്ന കാര്യത്തിലും കാവ്യാത്മകതയിലും മുഹമ്മദ് നിപുണനായിരുന്നു. എഴുതാനും വായിക്കാനും അറിയില്ലെങ്കിലും നന്നായി ഭാഷ പ്രയോഗിക്കുന്ന കാര്യത്തിൽ മിടുക്ക് കാണിച്ചിട്ടുള്ള അനേകം പേരെ ചരിത്രത്തിൽ കാണാം. ഇന്ത്യയിൽത്തന്നെ കബീർ ദാസിനെക്കുറിച്ച് കേട്ടിട്ടില്ലേ. എഴുത്തും വായനയുമറിയാത്ത അദ്ദേഹത്തിന്റെ പ്രാസവും കാവ്യാത്മകതയുമൊക്കെ ഒത്ത ഈീരടികൾ ലോകപ്രശസ്തങ്ങളാണ് എന്നുള്ളത് എല്ലാവർക്കുമറിയാം. മുഹമ്മദ് അറേബ്യയിലെ ഓരോ പ്രദേശത്തിലേയും ഗോത്രത്തിലേയും തനതായ ശൈലിയിലുള്ള അറബി ഉപയോഗിച്ചുകൊണ്ട് അതാത് പ്രദേശങ്ങളിലെ ആളുകളുമായി സംവദിക്കുന്നതിൽ നിപുണനായിരുന്നു എന്നതിന് ഇസ്ലാമികരേഖകളുണ്ട്. പോരാത്തതിന് ഈണവും പ്രാസവുമൊക്കെ ഒത്തിണങ്ങിയ കാവ്യഗുണമുള്ള വരികൾ അദ്ദേഹം കല്യാണാഘോഷവേളകളിലും യുദ്ധത്തിന് കൂട്ടരുമൊത്ത് ശത്രുവിനെ കാത്ത് പതിയിരിക്കുന്ന വേളകളിലും ഒക്കെ ചൊല്ലിയിട്ടുള്ളതായും ഇസ്ലാമിന്റെ അടിസ്ഥാനരേഖകളിൽത്തന്നെ കാണാം. അദ്ദേഹത്തിന്റെ വാഗ്‌ചാതുര്യം ഒരു നിമിഷകവിയുടേതിനെക്കാളും ഒട്ടും പിന്നിലല്ല)))
എഴുതാനും വായിക്കനും അറിയാത്ത ഒട്ടനേകം ലോകപ്രശസ്ത കവികൾ ഉണ്ടായിട്ടുണ്ടെന്നാണു പറയുന്നത്. കാവ്യഗുണമുള്ള വരികൾ മുഹമ്മദ് നബി(സ)പല വേളകളിലും ചൊല്ലിയതായും പറയുന്നു. കൂടാതെ വാഗ്ചാതുര്യമൊത്ത ഒരു നിമിഷകവിയാണെന്ന് ഉറപ്പിക്കുകയും ചെയ്യുന്നു. ഇത് എന്റെ സുഹൃത്തിന്റെ മാത്രം അഭിപ്രായമല്ല. പല വിമർശകരും ഉന്നയിക്കുന്ന ഒരാരോപണം തന്നെ. ഖുർആൻ കാവ്യശ്ലോകങ്ങൾ അടങ്ങുന്ന ഒരു സാഹിത്യരചന ആയ സ്ഥിതിക്ക് അതിന്റെ കർത്താവ് സ്വാഭാവികമായും കാവ്യാത്മകതയിൽ നിപുണനായിരിക്കണമല്ലോ. മുഹമ്മദ് നബിയാണ് ഖുർആൻ രചിച്ചതെന്ന വാദത്തെ ബലപ്പെടുത്താൻ ഈ വാദം ഒരത്യാവശ്യംവുമാണ്. അതിനെദ്ദേഹം തെളിവുദ്ധരിക്കുന്നത് താഴെക്കൊടുത്ത വരികളിൽ നിന്നാണ്. കാണുക-
"The Prophet [pbuh] was noted for superb eloquence and fluency in Arabic. He was remarkable in position and rank. He was an accurate, unpretending straightforward speaker. He was well-versed in Arabic and quite familiar with the dialects and accents of every tribe. He spoke with his entertainers using their own accents and dialects. He mastered and was quite eloquent at both bedouin and town speech. So he had the strength and eloquence of bedouin language as well as the clarity and the decorated splendid speech of town."
ഇതിൽ നിന്നും മുഹമ്മദ് നബി(സ)യെ കവിയെന്ന് സംബോധനചെയ്യാനുള്ള തെളിവ് ലഭിക്കുമോ?....
വാഗ്മിത്വവും അറബിയിലുള്ള ജ്ഞാനവും; ശ്രദ്ധിക്കുക, അവിടെ fluency എന്ന വാക്കാണ് ഉപയോഗിച്ചിരിക്കുന്നത്. നാം സാധാരണ സംഭാഷണചാതുര്യത്തെ സൂചിപ്പിക്കുമ്പോഴാണ് fluency ഉപയോഗിക്കാറ്. തികഞ്ഞ ജ്ഞാനമെന്നതിന് മറ്റുപല ഇംഗ്ലീഷ് വാക്കുകളല്ലേ ഉപയോഗിക്കുക!.
പല ഗോത്രക്കാരോടും അതാത് ശൈലിയിൽ ആശയവിനിമയം നടത്താനുള്ള കഴിവ് മുഹമ്മദ് നബി (സ) ക്കുണ്ടായിരുന്നു എന്നേ മേൽ ഉദ്ധരിച്ച വാചകങ്ങളുടെ ഉള്ളടക്കത്തിൽ നിന്നും മനസ്സിലാക്കാൻ പറ്റൂ.
മുഹമ്മദ് നബി(സ) ജനിച്ചത് ഖുറൈശി ഗോത്രവംശത്തിലായിരുന്നു . സാഹിത്യപരമായി ഏറെ മുന്നിട്ട് നിന്നിരുന്ന അവരുടെ ഭാഷാരീതിയായിരുന്നു പൊതുവായി ഖുർആനിലും സ്വീകരിക്കപ്പെട്ടിരിക്കുന്നത്. ചില ശൈലികളിലും പ്രയോഗങ്ങളിലും ഗോത്രവർഗ്ഗങ്ങൾക്കിടയിൽ വ്യത്യാസങ്ങൾ കാണപ്പെട്ടിരുന്നെങ്കിലും പൊതുവായി അറബികൾക്കിടയിൽ സ്വാധീനമുണ്ടായിരുന്നത് ഖുറൈശികളുടെ ഭാഷാരീതിക്കായിരുന്നു. കോട്ടയത്തുകാരുടെ സ്പീച്ച് മലപ്പുറത്തുകാർക്ക് സ്വീകാര്യമാകമാകണമല്ലോ...മുഹമ്മദ് നബി(സ)യുടെ ഭാഷക്കും ശൈലിക്കും മനോഹാരിത ഉണ്ടെന്നതിൽ ഇവിടെ ആർക്കും അഭിപ്രായ വ്യത്യാസമില്ല.
ആരാണ് കവി? എന്താണ് കവിത-
വാച്യമായ അര്‍ത്ഥം ഭാഷാപ്രയോഗത്തിലൂടെ വ്യക്തമാക്കുക എന്നതിലുപരിയായോ പ്രസ്തുത അര്‍ത്ഥം വ്യക്തമാക്കുന്ന എന്ന ധര്‍മ്മത്തിനു പകരമായിത്തന്നെ നിലനിന്നുകൊണ്ടോ ഭാഷയുടെ സൗന്ദര്യവും ആവാഹനശേഷിയും പ്രകടമാക്കുന്നതിന് ഊന്നല്‍ നല്‍കുന്നവയാണ് കവിതകള്‍(വികി). ചുരുക്കുകയാണെങ്കിൽ മറ്റൊരർഥത്തിൽ ഇങ്ങനെയും പറയാം “Poetry is something which appeals to the emotions and feelings.” കവിതയെഴുതുന്നവരെ കവിയെന്നും വിളിക്കും സ്വാഭാവികം. ആശയത്തേക്കാൾ ഭാഷക്കും, യാഥാർഥ്യത്തേക്കാൾ ഭാവനക്കും, വിജ്ഞാനത്തേക്കാൾ വികാരത്തിനുമാണു കവിതയിൽ മുൻഗണന. കവിയുടെ വാസനക്കും ഭാവനക്കുമനുസരിച്ചായിരിക്കും കവിതയുടെ ചിത്രീകരണം.
ഇസ്ലാമിലൂടെ നോക്കിക്കാണുമ്പോൾ-
“നബിക്ക് നാം കവിത പഠിപ്പിച്ചിട്ടില്ല. അത് അദ്ദേഹത്തിന് യോജിക്കുന്നതുമല്ല. അത് (ഖുർആൻ) ഒരുപദേശവും അഥവാ സന്ദേശവും, വ്യക്തമായ ഒരു പാരായണ ഗ്രന്ഥവുമല്ലാതെ മറ്റൊന്നുമല്ല.” (36:69).
“കവികളാകട്ടെ, അവരെ പിൻപറ്റുന്ന ദുർമ്മാർഗികളാകുന്നു” (26:224)
കവികളെയും, കവിതകളെയും പറ്റിയുള്ള ഖുർആന്റെ അഭിപ്രായങ്ങളിൽ ചിലതാണ് മേൽ വിവരിച്ചത്.ഇനിയുമുണ്ട്.
കവികളെയും , കവിതകളെയും ദൈവം പ്രോത്സാഹിപ്പിക്കുന്നില്ല എന്നിരിക്കെ ദൈവത്തിന്റെ പ്രത്യേക ദൌത്യവുമായി വന്ന ഒരു ദൂതൻ കല്ല്യാണത്തിന് കവിതചൊല്ലുമെന്ന് എങ്ങനെ വിശ്വസിക്കും. ഇനി മറുവശത്തുനിന്നും ചിന്തിച്ചാൽ തന്നെ കവികളെയും കവിതയെയും കുറ്റം പറഞ്ഞെഴുതിയുണ്ടാക്കിയ ഒരു ഗ്രന്ഥം കാണിച്ച് നിങ്ങൾ ഇതനുസരിച്ച് ജീവിക്കണമെന്ന് ജനങ്ങളോട് കൽപ്പിക്കുകയും എന്നിട്ട് സ്വയം കവിത ചൊല്ലുകയും ചെയ്യുന്നതിലെ ധാർമ്മികതയെപ്പറ്റി ആ ശ്രന്ഥം രചിക്കുന്ന അവസരത്തിലെങ്കിലും ഒന്ന് ചിന്തിക്കാതിരിക്കുമോ.
ഹദീസുകൾ തപ്പിനോക്കുകയാണെങ്കിൽ ഒരിടത്ത് ഇങ്ങനെ കാണം.. ഒരിക്കൽ മുഹമ്മദ് നബി (സ) ഒരു വരി കവിത ചൊല്ലിയത് ശരിയാകാതെ കണ്ടപ്പോൾ അബൂബക്കർ (റ) ഇങ്ങനെ പറയുകയുണ്ടായി “ അവിടുന്ന് അല്ലാഹുവിന്റെ റസൂലാണെന്ന് ഞാൻ സാക്ഷ്യം വഹിക്കുന്നു. അവൻ അങ്ങേക്ക് കവിത പഠിപ്പിച്ചിട്ടില്ല. അതങ്ങേക്ക് ചേരുകയുമില്ല” (ഇബ്നു അബീ ഹാതിം)
ശ്രവണ സുന്ദരങ്ങളായ കവിതകളെഴുതി ജനങ്ങളെ വശത്താക്കണം എന്നിട്ടവരെ ഇസ്ലാമിലേക്ക് ആനയിക്കണം എന്ന് ദൈവം എവിടെയും കൽപ്പിച്ചതായി ആർക്കെങ്കിലും അറിവുണ്ടോ?ഉണ്ടാകില്ല! . സ്വയം കൊട്ടിയുണ്ടാക്കിയതാണെങ്കിലും അല്ലെങ്കിലും ഖുർആനിലൂടെ എൽപ്പിച്ച ദൌത്യമല്ലാതെ മറ്റൊന്നും മുഹമ്മദ് നബി(സ) ചെയ്തിട്ടുണ്ടാകില്ലെന്നെങ്കിലും വിമർശകർക്കറിയാതെ പോകാതിരിക്കുമോ?...
ഖുർആനിന്റെ കർതൃത്വം നബിയുടെ മേൽ കെട്ടിവെക്കുന്നവർ തങ്ങളുടെ യുക്തിയെപ്പറ്റി ഒന്നിരുത്തി വിശകലനം ചെയ്യാൻ തയാറായാൽ ബോധ്യപ്പെടാവുന്നതേയുള്ളൂ. അതിനു തയ്യാറല്ലാത്തവരോട് പിന്നെന്ത് പറയാൻ....... “ If something looks like a duck, it walks like a duck ...then it is a duck.”