Tuesday, June 30, 2009

പരിശുദ്ധ മായാജാലങ്ങൾ-1

സൃഷ്ടാവും പരിപാലകനുമായ ദൈവത്തിൽ നിന്നും മാനവരാശിക്ക് മുഹമ്മദ് എന്ന മനുഷ്യനിലൂടെ അവതരിപ്പിക്കപ്പെട്ട അവസാന വേദഗ്രന്ഥമാണ് ഖുർആൻ. വായന, വായിക്കപ്പെടേണ്ടത്, സത്യാസത്യവിവേചകം എന്നീ അർത്ഥങ്ങളാണ് ഖുർആൻ എന്ന പദം കൊണ്ട് വിവക്ഷിക്കപ്പെടുന്നത്. ഗ്രന്ഥം, ഉദ്ബോധനം, പ്രകാശം, സന്മാർഗ്ഗം, തെളിവ്, ശമനം, പൂ‍ർവ്വ വേദങ്ങളിലെ അടിസ്ഥാനാശയങ്ങളെ സംരക്ഷിക്കപ്പെടുന്നത് തുടങ്ങിയ വിശേഷണങ്ങളിലൂടെ ഖുർആൻ സ്വയം പരിചയപ്പെടുത്തുന്നു.

ഖുർആൻ സ്വയം തന്നെ ദൈവീകമാണെന്ന വസ്തുത ആവർത്തിച്ച് വ്യക്തമാക്കുന്നു. ഇന്ന് നിലനിൽക്കുന്ന വേദഗ്രന്ഥങ്ങളൊന്നും തന്നെ സ്പഷ്ടമായും വ്യക്തമായും അവ ദൈവീകമാണെന്ന് അവകാശപ്പെടുന്നില്ല. അതുകൊണ്ട് തന്നെ മറ്റുവേദഗ്രന്ഥങ്ങളെക്കാൾ ഇഴകീറി ഒരോ വാക്കുകളും വിമർശിക്കപ്പെടുന്നതിൽ ഖുർആൻ തന്നെ മുന്നിൽ...സംശയമില്ല. 1400 വർഷങ്ങൾ കഴിഞ്ഞിട്ടും ഒരു പുള്ളിക്കുപോലും മാറ്റം വാരാതെ ഇന്നും നിലനിൽക്കുന്നതും വിശ്വാസികളായ ശതകോടികളാൽ ആവർത്തിച്ച് പാരായണം ചെയപ്പെട്ടുകൊണ്ട് അതിനനുസരിച്ച് സ്വജീവിതം വാർക്കപ്പെടുകയും അന്തിമ വേദം തന്നെ എന്നന്വർത്ഥമാക്കിക്കൊണ്ട് വെല്ലുവിളികൾക്കുമുന്നിൽ അജയ്യതയോടെ ഇന്നും നിലനിൽക്കന്നുകൊണ്ടും വിമർശകർക്ക് ഖുർആൻ സ്വയം മറുപടി നൽകുന്നു.

കാലാതീതനായ ദൈവത്തിൽ നിന്നുള്ളതാണ് ഖുർആൻ എന്നുള്ള വസ്തുത അവയിലെ പ്രവചനങ്ങളും അൽ‌പ്പം പോലും തെറ്റാതെയുള്ള അവയുടെ പൂർത്തികരണവും വ്യക്തമാക്കുന്നു. ഒരാൾ ഭാവികാര്യങ്ങൾ പ്രവചിക്കുകയും പ്രസ്തുത വചനങ്ങൾ യാതൊരു തെറ്റുമില്ലാ‍ത്തവിധം പൂർത്തീകരിക്കപ്പെടുകയും ചെയ്യുന്നുവെങ്കിൽ പ്രസ്തുത പ്രവചങ്ങളുടെ സ്രോതസ്സ് ദൈവമായിരിക്കുമെന്നും മനസ്സിലാക്കാം. പരിണാമവാദവും, പ്രപഞ്ചസൃഷ്ടിയും എല്ലാം നമ്മുടെ ബൂലോഗത്ത് തന്നെ വളരെ ചർച്ചചെയ്യപ്പെട്ട വിഷയങ്ങളാണ്. നിഷേധ സ്വഭാവമില്ലാത്തവർക്ക് സത്യം ബോധ്യപ്പെടാൻ സഹായകങ്ങളായ പോസ്റ്റുകളും ഒട്ടനവധി കമന്റുകളും ആ വിഷയങ്ങളെക്കുറിച്ച് കാണുകയുണ്ടായി. സ്വവിശ്വാസം ഊട്ടിയുറപ്പിക്കാൻ പ്രാപ്തമായിരുന്നു അവയെല്ലാം.

ഖുർആനിന്റെ രസകരവും അൽഭുതകരവുമായ ചില സവിശേഷ ഗുണങ്ങളെക്കുറിച്ചുള്ള ഒരു വിവരണമാണു ഈ എളിയ ശ്രമത്തിലൂടെ ഞാൻ ഉദ്ദേശിക്കുന്നത്. വായനക്കാർക്ക് അവരുടെ ബുദ്ധിക്കു, യുക്തിക്കും ,വിശ്വാസത്തിനും അനുസരിച്ച് അവ ഉൾകൊള്ളുകയോ അവഗണിക്കുകയോ ചോദ്യം ചെയ്പ്പെടുകയോ ചെയ്യാം. അതവരവരുടെ ചോദ്യം ചെയ്യപ്പെടാത്ത സ്വാതന്ത്ര്യം. തുടങ്ങാം.....

ഖുർആനും ഗണിതശാസ്ത്രവും-

അറബി ഭാഷയിലെ അക്ഷരങ്ങൾക്ക് സംഖ്യാപരമായ ചില മൂല്യമുണ്ട്. അതായത്, ഒരോ അക്ഷരങ്ങളും ഒരോ സംഖ്യാ അക്കവുമായി ചേർന്നുനിൽക്കുന്നു,അല്ലെങ്കിൽ ഒരോ അക്ഷരവും ഒരോ അക്കങ്ങളെ പ്രതിനിധീകരിക്കുന്നു. ഇവയെ അടിസ്ഥാനപ്പെടുത്തി ഒരുപാട് വിവരങ്ങൾ പണ്ഡിതർ ആകുലനം ചെയ്യാറുണ്ട്. ഈ രീതിയെ പൊതുവായി 'numerological calculations' അറബിയിൽ "hisab al-jumal' എന്നറിയപ്പെടുന്നു. ഇസ്ലാമിൽ പെട്ടവരും അല്ലാത്തവരുമായ ഒരുപാട് പണ്ഡിതർ പല മേഖലകളിലും ഈ രീതി അവലംബിച്ച് ശ്രദ്ധനേടിയിട്ടുള്ളവരാണ്. ഖുർആൻ അവതരിക്കുന്നതിന് നൂറ്റാണ്ടുകൾക്കു മുൻപേ ഈ രീതി അവലംബിക്കപ്പെട്ടിട്ടുണ്ടായിരുന്നു.

അക്ഷരങ്ങളെ അക്കങ്ങളുമായി പ്രതിനിധീകരിച്ചു കാണിക്കുന്നതാണ് മുകളിൽ കാണുന്ന പട്ടിക. ഒരു റഫറൻസിനായികൊടുത്തൂ എന്നേ ഉള്ളൂ.മേല്പറഞ്ഞതിന്റെ ശാഖകളിൽ പെട്ട “Ilm'ul Jafr“ (ഇൽമുൽ ജഫർ) അഥവാ മുന്നറിവ് ശാസ്ത്രം എന്നത് ഈ രീതിയെ അടിസ്ഥാനപ്പെടുത്തി അക്കങ്ങളെയും അക്ഷരങ്ങളെയും പ്രമാണീകരിച്ച് വരാനിരിക്കുന്ന സംഭവങ്ങളുടെ ആധികാരികതയെക്കുറിച്ച് സൂചനകൾ നൽകുന്ന രീതിയാണ്. ഇത്തരത്തിൽ, ഖുർആൻ സൂക്തങ്ങളിൽ പരാമർശിക്കപ്പെട്ട വരാനിരിക്കുന്ന ചില സംഭവങ്ങളെക്കുറിച്ച് സൂചനകളുണ്ട്. അവയെ നമുക്കൊന്ന് പരിശോധിക്കാം-


1969 ൽ മനുഷ്യൻ ചന്ദ്രനിൽ കാലുകുത്തി-

ഖുർആൻ മനുഷ്യൻ ചന്ദ്രനിലെത്തുന്ന കാലഘട്ടത്തെക്കുറിച്ച് സൂചന നൽകുന്നത് ഇങ്ങനെ.....

"അന്ത്യസമയം അടുത്ത് വന്നിരിക്കുന്നു. ചന്ദ്രൻ പിളരുകയും ചെയ്തു” (54:1) .

സൂക്തത്തിൽ "inshaqqa" (split) എന്നുപയോഗിച്ചിരിക്കുന്നത് "shaqqa," എന്ന പദത്തിൽ നിന്നാണെന്ന് വ്യാഖ്യം. "shaqqa, which can also be used to mean "causing something to rise, ploughing or digging the soil. (ഇംഗ്ലീഷ്,അറബിക് ഡിക്ഷണറിയിൽ). നമ്മുടെ തെളിവ് ഇങ്ങനെയല്ല കിട്ടുന്നത്. നേരത്തെ പറഞ്ഞ ആ പ്രത്യേകരീതി ഉപയോഗിച്ചു നോക്കിയാൽ കിട്ടുന്നതെന്ത്? നോക്കാം...

ഖുർആൻ അദ്ധ്യായം “ഖമർ”(ചന്ദ്രൻ) എന്നതിൽ സൂക്തങ്ങളിലെ ചില പദങ്ങളുടെ സംഖ്യാസംബന്ധമായ മ്യൂല്യം 1969 എന്ന വർഷത്തിലേക്ക് വിരൽ ചൂണ്ടുന്നു. താഴെകൊടുത്ത പട്ടിക കാണുക- പ്രസ്തുത സൂക്തത്തിലെ പദങ്ങളെ പ്രതിനിധീകരിക്കുന്ന സംഖ്യകളുടെ ആകെത്തുക 1390 ഹിജറ്: വർഷം 1390 നാണ് മനുഷ്യൻ ചന്ദ്രനിൽ കാലുകുത്തിയത്. അതിനെ ഗ്രിഗോറിയനാക്കിയാൽ 1969.

വിശ്വാസപരമോ, കർമ്മപരമോ ആയ ഒരു കാര്യവുമല്ല മുകളിൽ പറഞ്ഞത്. ഇനി പറയാൻ പോകുന്നതും....സംശമുള്ളവർക്ക് സ്വയം പരിശോധിക്കാം.

19- എന്ന അക്കവും ഖുർആനും...അടുത്ത പോസ്റ്റിൽ.....

തുടരും.

വിവരങ്ങൾക്ക് അവലംബം: ഖുർആൻ മിറാക്കിൾ.കോം

Sunday, June 28, 2009

മുഹമ്മദ് എന്ന കവി!

എന്റെ ആദ്യ പോസ്റ്റ് ഖുർആൻ മുഹമ്മദിന്റെ വക! എന്നതിൽ വന്ന ഒരു കമന്റ് ആണ് ഈ പുതിയ ശ്രമത്തിനാധാരം. ഡീപ്ഡൌൺ എന്ന എന്റെ സുഹൃത്ത് ഉന്നയിച്ചിരിക്കുന്ന രണ്ട് ആരോപണങ്ങളിൽ പ്രധാനപ്പെട്ടത് എന്ന് തോന്നിയ ഒരു വിഷയത്തെക്കുറിച്ച് അത്ര ഗഹനമല്ലാത്ത രീതിയിൽ ഒരുകുറിപ്പ് വേണമെന്ന് തോന്നിപ്പോയി.

പ്രവാചകൻ മുഹമ്മദ് നബി(സ) കാവ്യാത്മകതയിൽ നിപുണനായിരുന്നു എന്നാണ് സുഹൃത്തിന്റെ വാദം. ആ കമന്റുകളിലേക്ക്-
(((ഭാഷ പ്രയോഗിക്കുന്ന കാര്യത്തിലും കാവ്യാത്മകതയിലും മുഹമ്മദ്‌ നിപുണനായിരുന്നു. എഴുതാനും വായിക്കാനും അറിയില്ലെങ്കിലും നന്നായി ഭാഷ പ്രയോഗിക്കുന്ന കാര്യത്തിൽ മിടുക്ക്‌ കാണിച്ചിട്ടുള്ള അനേകം പേരെ ചരിത്രത്തിൽ കാണാം. ഇന്ത്യയിൽത്തന്നെ കബീർ ദാസിനെക്കുറിച്ച്‌ കേട്ടിട്ടില്ലേ. എഴുത്തും വായനയുമറിയാത്ത അദ്ദേഹത്തിന്റെ പ്രാസവും കാവ്യാത്മകതയുമൊക്കെ ഒത്ത ഈ‍ീരടികൾ ലോകപ്രശസ്തങ്ങളാണ്‌ എന്നുള്ളത്‌ എല്ലാവർക്കുമറിയാം. മുഹമ്മദ്‌ അറേബ്യയിലെ ഓരോ പ്രദേശത്തിലേയും ഗോത്രത്തിലേയും തനതായ ശൈലിയിലുള്ള അറബി ഉപയോഗിച്ചുകൊണ്ട്‌ അതാത്‌ പ്രദേശങ്ങളിലെ ആളുകളുമായി സംവദിക്കുന്നതിൽ നിപുണനായിരുന്നു എന്നതിന്‌ ഇസ്ലാമികരേഖകളുണ്ട്‌. പോരാത്തതിന്‌ ഈണവും പ്രാസവുമൊക്കെ ഒത്തിണങ്ങിയ കാവ്യഗുണമുള്ള വരികൾ അദ്ദേഹം കല്യാണാഘോഷവേളകളിലും യുദ്ധത്തിന്‌ കൂട്ടരുമൊത്ത്‌ ശത്രുവിനെ കാത്ത്‌ പതിയിരിക്കുന്ന വേളകളിലും ഒക്കെ ചൊല്ലിയിട്ടുള്ളതായും ഇസ്ലാമിന്റെ അടിസ്ഥാനരേഖകളിൽത്തന്നെ കാണാം. അദ്ദേഹത്തിന്റെ വാഗ്‌ചാതുര്യം ഒരു നിമിഷകവിയുടേതിനെക്കാളും ഒട്ടും പിന്നിലല്ല)))

എഴുതാനും വായിക്കനും അറിയാത്ത ഒട്ടനേകം ലോകപ്രശസ്ത കവികൾ ഉണ്ടായിട്ടുണ്ടെന്നാണു പറയുന്നത്. കാവ്യഗുണമുള്ള വരികൾ മുഹമ്മദ് നബി(സ)പല വേളകളിലും ചൊല്ലിയതായും പറയുന്നു. കൂടാതെ വാഗ്ചാതുര്യമൊത്ത ഒരു നിമിഷകവിയാണെന്ന് ഉറപ്പിക്കുകയും ചെയ്യുന്നു. ഇത് എന്റെ സുഹൃത്തിന്റെ മാത്രം അഭിപ്രായമല്ല. പല വിമർശകരും ഉന്നയിക്കുന്ന ഒരാരോപണം തന്നെ. ഖുർആൻ കാവ്യശ്ലോകങ്ങൾ അടങ്ങുന്ന ഒരു സാഹിത്യരചന ആയ സ്ഥിതിക്ക് അതിന്റെ കർത്താവ് സ്വാഭാവികമായും കാവ്യാത്മകതയിൽ നിപുണനായിരിക്കണമല്ലോ. മുഹമ്മദ് നബിയാണ് ഖുർആൻ രചിച്ചതെന്ന വാദത്തെ ബലപ്പെടുത്താൻ ഈ വാദം ഒരത്യാവശ്യംവുമാണ്. അതിനെദ്ദേഹം തെളിവുദ്ധരിക്കുന്നത് താഴെക്കൊടുത്ത വരികളിൽ നിന്നാണ്. കാണുക-

"The Prophet [pbuh] was noted for superb eloquence and fluency in Arabic. He was remarkable in position and rank. He was an accurate, unpretending straightforward speaker. He was well-versed in Arabic and quite familiar with the dialects and accents of every tribe. He spoke with his entertainers using their own accents and dialects. He mastered and was quite eloquent at both bedouin and town speech. So he had the strength and eloquence of bedouin language as well as the clarity and the decorated splendid speech of town."
ഇതിൽ നിന്നും മുഹമ്മദ് നബി(സ)യെ കവിയെന്ന് സംബോധനചെയ്യാനുള്ള തെളിവ് ലഭിക്കുമോ?....
വാഗ്മിത്വവും അറബിയിലുള്ള ജ്ഞാനവും; ശ്രദ്ധിക്കുക, അവിടെ fluency എന്ന വാക്കാണ് ഉപയോഗിച്ചിരിക്കുന്നത്. നാം സാധാരണ സംഭാഷണചാതുര്യത്തെ സൂചിപ്പിക്കുമ്പോഴാണ് fluency ഉപയോഗിക്കാറ്. തികഞ്ഞ ജ്ഞാനമെന്നതിന് മറ്റുപല ഇംഗ്ലീഷ് വാക്കുകളല്ലേ ഉപയോഗിക്കുക!.
പല ഗോത്രക്കാരോടും അതാത് ശൈലിയിൽ ആശയവിനിമയം നടത്താനുള്ള കഴിവ് മുഹമ്മദ് നബി (സ) ക്കുണ്ടായിരുന്നു എന്നേ മേൽ ഉദ്ധരിച്ച വാചകങ്ങളുടെ ഉള്ളടക്കത്തിൽ നിന്നും മനസ്സിലാക്കാൻ പറ്റൂ.

മുഹമ്മദ് നബി(സ) ജനിച്ചത് ഖുറൈശി ഗോത്രവംശത്തിലായിരുന്നു . സാഹിത്യപരമായി ഏറെ മുന്നിട്ട് നിന്നിരുന്ന അവരുടെ ഭാഷാരീതിയായിരുന്നു പൊതുവായി ഖുർആനിലും സ്വീകരിക്കപ്പെട്ടിരിക്കുന്നത്. ചില ശൈലികളിലും പ്രയോഗങ്ങളിലും ഗോത്രവർഗ്ഗങ്ങൾക്കിടയിൽ വ്യത്യാസങ്ങൾ കാണപ്പെട്ടിരുന്നെങ്കിലും പൊതുവായി അറബികൾക്കിടയിൽ സ്വാധീനമുണ്ടായിരുന്നത് ഖുറൈശികളുടെ ഭാഷാരീതിക്കായിരുന്നു. കോട്ടയത്തുകാരുടെ സ്പീച്ച് മലപ്പുറത്തുകാർക്ക് സ്വീകാര്യമാകമാകണമല്ലോ...മുഹമ്മദ് നബി(സ)യുടെ ഭാഷക്കും ശൈലിക്കും മനോഹാരിത ഉണ്ടെന്നതിൽ ഇവിടെ ആർക്കും അഭിപ്രായ വ്യത്യാസമില്ല.

ആരാണ് കവി? എന്താണ് കവിത-

വാച്യമായ അര്‍ത്ഥം ഭാഷാപ്രയോഗത്തിലൂടെ വ്യക്തമാക്കുക എന്നതിലുപരിയായോ പ്രസ്തുത അര്‍ത്ഥം വ്യക്തമാക്കുന്ന എന്ന ധര്‍മ്മത്തിനു പകരമായിത്തന്നെ നിലനിന്നുകൊണ്ടോ ഭാഷയുടെ സൗന്ദര്യവും ആവാഹനശേഷിയും പ്രകടമാക്കുന്നതിന്‌ ഊന്നല്‍ നല്‍കുന്നവയാണ്‌ കവിതകള്‍(വികി). ചുരുക്കുകയാണെങ്കിൽ മറ്റൊരർഥത്തിൽ ഇങ്ങനെയും പറയാം “Poetry is something which appeals to the emotions and feelings.” കവിതയെഴുതുന്നവരെ കവിയെന്നും വിളിക്കും സ്വാഭാവികം. ആശയത്തേക്കാൾ ഭാഷക്കും, യാഥാർഥ്യത്തേക്കാൾ ഭാവനക്കും, വിജ്ഞാനത്തേക്കാൾ വികാരത്തിനുമാണു കവിതയിൽ മുൻഗണന. കവിയുടെ വാസനക്കും ഭാവനക്കുമനുസരിച്ചായിരിക്കും കവിതയുടെ ചിത്രീകരണം.

ഇസ്ലാമിലൂടെ നോക്കിക്കാണുമ്പോൾ-
“നബിക്ക് നാം കവിത പഠിപ്പിച്ചിട്ടില്ല. അത് അദ്ദേഹത്തിന് യോജിക്കുന്നതുമല്ല. അത് (ഖുർആൻ) ഒരുപദേശവും അഥവാ സന്ദേശവും, വ്യക്തമായ ഒരു പാരായണ ഗ്രന്ഥവുമല്ലാതെ മറ്റൊന്നുമല്ല.” (36:69).
“കവികളാകട്ടെ, അവരെ പിൻപറ്റുന്ന ദുർമ്മാർഗികളാകുന്നു” (26:224)

കവികളെയും, കവിതകളെയും പറ്റിയുള്ള ഖുർആന്റെ അഭിപ്രായങ്ങളിൽ ചിലതാണ് മേൽ വിവരിച്ചത്.ഇനിയുമുണ്ട്.

കവികളെയും , കവിതകളെയും ദൈവം പ്രോത്സാഹിപ്പിക്കുന്നില്ല എന്നിരിക്കെ ദൈവത്തിന്റെ പ്രത്യേക ദൌത്യവുമായി വന്ന ഒരു ദൂതൻ കല്ല്യാണത്തിന് കവിതചൊല്ലുമെന്ന് എങ്ങനെ വിശ്വസിക്കും. ഇനി മറുവശത്തുനിന്നും ചിന്തിച്ചാൽ തന്നെ കവികളെയും കവിതയെയും കുറ്റം പറഞ്ഞെഴുതിയുണ്ടാക്കിയ ഒരു ഗ്രന്ഥം കാണിച്ച് നിങ്ങൾ ഇതനുസരിച്ച് ജീവിക്കണമെന്ന് ജനങ്ങളോട് കൽ‌പ്പിക്കുകയും എന്നിട്ട് സ്വയം കവിത ചൊല്ലുകയും ചെയ്യുന്നതിലെ ധാർമ്മികതയെപ്പറ്റി ആ ശ്രന്ഥം രചിക്കുന്ന അവസരത്തിലെങ്കിലും ഒന്ന് ചിന്തിക്കാതിരിക്കുമോ.

ഹദീസുകൾ തപ്പിനോക്കുകയാണെങ്കിൽ ഒരിടത്ത് ഇങ്ങനെ കാണം.. ഒരിക്കൽ മുഹമ്മദ് നബി (സ) ഒരു വരി കവിത ചൊല്ലിയത് ശരിയാകാതെ കണ്ടപ്പോൾ അബൂബക്കർ (റ) ഇങ്ങനെ പറയുകയുണ്ടായി “ അവിടുന്ന് അല്ലാഹുവിന്റെ റസൂലാണെന്ന് ഞാൻ സാക്ഷ്യം വഹിക്കുന്നു. അവൻ അങ്ങേക്ക് കവിത പഠിപ്പിച്ചിട്ടില്ല. അതങ്ങേക്ക് ചേരുകയുമില്ല” (ഇബ്നു അബീ ഹാതിം)
ശ്രവണ സുന്ദരങ്ങളായ കവിതകളെഴുതി ജനങ്ങളെ വശത്താക്കണം എന്നിട്ടവരെ ഇസ്ലാമിലേക്ക് ആനയിക്കണം എന്ന് ദൈവം എവിടെയും കൽ‌പ്പിച്ചതായി ആർക്കെങ്കിലും അറിവുണ്ടോ?ഉണ്ടാകില്ല! . സ്വയം കൊട്ടിയുണ്ടാക്കിയതാണെങ്കിലും അല്ലെങ്കിലും ഖുർആനിലൂടെ എൽ‌പ്പിച്ച ദൌത്യമല്ലാതെ മറ്റൊന്നും മുഹമ്മദ് നബി(സ) ചെയ്തിട്ടുണ്ടാകില്ലെന്നെങ്കിലും വിമർശകർക്കറിയാതെ പോകാതിരിക്കുമോ?...

ഖുർആനിന്റെ കർതൃത്വം നബിയുടെ മേൽ കെട്ടിവെക്കുന്നവർ തങ്ങളുടെ യുക്തിയെപ്പറ്റി ഒന്നിരുത്തി വിശകലനം ചെയ്യാൻ തയാറായാൽ ബോധ്യപ്പെടാവുന്നതേയുള്ളൂ. അതിനു തയ്യാറല്ലാത്തവരോട് പിന്നെന്ത് പറയാൻ....... “ If something looks like a duck, it walks like a duck ...then it is a duck.”

Wednesday, June 24, 2009

ഖുർആൻ മുഹമ്മദിന്റെ വക!

ഇന്ന് ബൂലോകത്ത് ഏറ്റവും അധികം വിമർശനാത്മകരീതിയിൽ ചർച്ചചെയ്യപ്പെടുന്ന വിഷയങ്ങളിൽ ഒന്നാണ് ഇസ്ലാമും, ഖുർആനും അനുബന്ധവിഷയങ്ങളും. ഇസ്ലാമിനെക്കുറിച്ചും , ഖുർആനെക്കുറിച്ചും ആധികാരികമായി അറിവുള്ളവരും, വിമർശനാത്മകരീതിയിൽ പഠനം നടത്തുന്നവരും, എന്ത് കൊണ്ട് വിമർശിക്കപ്പെടുന്നു എന്നന്വേഷിക്കുന്നവരും, ഇതൊരു മണ്ണാങ്കട്ടയൊന്നുമല്ലെന്ന് എങ്ങനെയൊക്കെയോ കണ്ടെത്തി പറയുന്നവരും ബൂലോകത്ത് കുറവല്ല. തന്മൂലം ആർക്കായിരിക്കും ഗുണം ഈ ചർച്ചകൾ കൊണ്ട്?......വസ്തുതകൾ പരിശോധിച്ചാൽ കാര്യം പിടികിട്ടും! ഒരുപക്ഷേ പുകഴ്ത്തലുകളോക്കാൾ വിമർശനങ്ങളായിരിക്കും ഇസ്ലാമിന്റെ ഇന്ന് കാണുന്ന വളർച്ചക്ക് നിദാനമായിട്ടുണ്ടാവുക. എല്ലാം അറിയുന്ന ദൈവത്തിന് മനുഷ്യന്റെ ത്വരയെന്തെന്നും അതനുസരിച്ചാണ് അവന്റെ കണക്കുകൂട്ടലുകളെന്നും ഒരു സാമാന്യ ബോധമുള്ളവന് ബോധ്യപ്പെടാൻ കുറഞ്ഞപക്ഷം മന്ദബുദ്ധിയെങ്കിലും ആകാതിരുന്നാൽ മതി.

ബൂലോകത്ത് പലവുരു കൈകാര്യം ചെയ്യപ്പെട്ട വിഷയമാണെങ്കിലും ഒരു വിശ്വാസി എന്ന നിലക്ക് താൻ പിൻപറ്റുന്ന വിശ്വാസപ്രമാണങ്ങൾ ചോദ്യം ചെയ്യപ്പെടുമ്പോൾ അതിനെതിരെ പ്രതികരിക്കുക എന്നത് വെറും ബാധ്യതമാത്രമല്ല ഒരു കടമ കൂടിയാണ്.

മുഹമ്മദ് നബി (സ) ജീവിച്ചത് ചരിത്രത്തിന്റെ വെളിച്ചത്തിൽ തന്നെ. ആർക്കും സംശയമില്ലാത്ത കാര്യം. ഖുർആൻ ലോകർക്ക് ശ്രവിക്കപ്പെട്ടതും അദ്ദേഹത്തിലൂടെ. അതുകൊണ്ട് തന്നെ ഖുർആന്റെ ദൈവീകത അംഗീകരിക്കാത്തവരെ സംബന്ധിച്ചിടത്തോളം അവർക്ക് പറയാനുള്ളത് ഇത് മുഹമ്മദ് (സ) ന്റെ രചനയാണെന്നായിരിക്കും. എന്ത് കൊണ്ട് വിമർശകർ ഖുർആന്റെ രചയിതാവ് മുഹമ്മദ് (സ) ആണെന്ന് പറയുന്നു?...അബദ്ധജടിലങ്ങളായ ചില ഉത്തരങ്ങളാണ് അവർക്ക് ഇതിനെ ക്കുറിച്ച് നൽകാണുള്ളത്. ബൈബിളിൽ നിന്നും കോപ്പിയടിച്ചു, പലരിൽ നിന്നും കേട്ടെഴുതി..എന്നിങ്ങനെ!. സാഹിത്യമൂല്യമുള്ള ഒരു സൃഷ്ടി നടത്തി അത് ദൈവത്തിന്റെ പേരിൽ ആരോപിക്കുന്നതിന്റെ പിന്നിൽ ഉള്ള സ്വാർഥ ലക്ഷ്യമെന്താണെന്നായിരുന്നു വിമർശകർ വ്യക്തമാക്കേണ്ടിയിരുന്നത്. അതിന്റെ അടിസ്ഥാനത്തിലാണ് ഈ വാദത്തിന്റെ പ്രബലത പരിശോധിക്കപ്പെടെണ്ടിയിരുന്നത്.

വളരെ ലളിതമായ രീതിയിൽ ഒരന്വേഷണം നടത്താം...; മുഹമ്മദ് (സ) ആണ് ഖുർആൻ രചിച്ചതെന്ന വാദത്തിൽ അടിസ്ഥാനമുണ്ടോ?...

1. തന്റെ നാല്പതു വയസ്സുവരെ അറബികൾക്കിടയിൽ സുസമ്മതനായ മുഹമ്മദ് (സ) ഖുർആൻ ദൈവികമാണെന്നും അതിലെ വിധിവിലക്കുകൾ ജീവിതത്തിൽ പാലിക്കണമെന്നും ജനങ്ങളോട് ആവശ്യപ്പെട്ടപ്പോളായിരുന്നു..വെറുക്കപ്പെട്ടവനായതും ജനിച്ച നാട്ടിൽ നിന്നും പാലായനം ചെയ്യപ്പെടേണ്ടി വന്നതും.

2. അൽ-അമീൻ (വിശ്വസ്ഥൻ) എന്ന ഓമനപ്പേരാൽ അറിയപ്പെട്ട് നാൽ‌പ്പത് വർഷക്കാലം സത്യസന്ധമായി ജീവിച്ച അദ്ദേഹം ഒരു ദിവസം ദൈവത്തിന്റെ പേരിൽ കള്ളം പറയുമെന്നും അത് പ്രചരിപ്പിക്കാൻ ജീവൻ പോലും പണയപ്പെടുത്തുമെന്നും വിശ്വസിക്കുക പ്രയാസമാണ്.

3. സാഹിത്യകാരന്മാർക്ക് അറേബ്യയിൽ ഉന്നതമായ സ്ഥാനം നൽകപ്പെട്ടിരുന്നു. അക്കാലത്താണു തീർത്തും നിരക്ഷരനും, കുട്ടിക്കാലത്ത് ആട് മേച്ചും പിന്നെ മറുനാട്ടിൽ കച്ചവടം നടത്തിയും സാധാരണ രീതിയിൽ കവിഞ്ഞ ഒരു പ്രത്യേകതയിമില്ലാതെ ജീവിച്ചിരുന്ന മുഹമ്മദ് (സ) ഖുർആൻ എന്ന അതുല്യ സൃഷ്ടിയുമായി വരുന്നത്. ഖുർആൻ തന്റേതാണെന്ന് അവകാശപ്പെട്ടിരുന്നുവങ്കിൽ അദ്ദേഹത്തിനു അറബികൾക്കിടയിൽ ഉന്നതമായ സ്ഥനം തന്നെ ലഭിക്കുമായിരുന്നു.

4. മുഹമ്മദി (സ) ന്റെ ചില നടപടികളെ വിമർശിക്കുന്ന വാക്യങ്ങൾ ഖുർആനിലുണ്ട്. ശക്തമായി താക്കീതു ചെയ്യുന്ന വചനങ്ങളും ഉണ്ട്. കൂടാതെ സാമൂഹിക വിഷയങ്ങൾ കൂട്ടാളികളുമായി ചർച്ച ചെയ്ത് അഭിപ്രായമാരാനും ഖുർആൻ അദ്ദേഹത്തോട് കൽ‌പ്പിക്കുന്നു.


ഈ വസ്തുതകളൊക്കെ മുന്നിൽ വെച്ച് കൊണ്ടാണ് ഖുർആൻ മുഹമ്മദി (സ) ന്റെ സൃഷ്ടിയാണെന്ന വാദത്തിന്റെ തെറ്റും ശരിയും പരിശോധിക്കേണ്ടത്. സാധാരണഗതിയിൽ ഒരു വ്യക്തിയെ വിമർശനപാത്രമാക്കുമ്പോൾ മിനിമം ആ വ്യക്തിയുടെ ബയോഗ്രഫി ഒന്നു പരിശോധിക്കുകയെങ്കിലും ചെയ്യുമല്ലോ ആരും. മേൽ വിവരിച്ച പോയിന്റുകൾ മുഹമ്മദ് (സ) നബിയെ ലഘുവായി ഒരു പഠനം നടത്തിയവർക്ക് പോലും മനസ്സിലാക്കാൻ പറ്റുന്ന കാര്യങ്ങളാണ്. ഞാൻ നേരത്തെ സൂചിപ്പിച്ച പോലെ മുഹമ്മദി (സ) ന്റെ ഭൌതികനേട്ടങ്ങളും സ്വാർഥലക്ഷ്യങ്ങളും എന്തെന്ന് തെളിയിക്കാൻ ഒരൊറ്റ വിമർശകനും സാധിക്കാത്തതിന്റെ കാരണം ചരിത്രം നമുക്കു മുൻപിൽ കാണിക്കുന്ന ആ മഹത് ജീവിതം തന്നെ.

ഖുറൈശി നേതാവും അറബി സാഹിത്യത്തിലെ കാരണവരുമായിരുന്ന വലീദ് ബ്നു മുഗീറയോട് ഖുർആനെതിരെ പരസ്യപ്രസ്ഥാവന നടത്തണമെന്ന് ഇസ്ലാമിന്റെ പ്രഥമശത്രു ശ്രീമാൻ അബൂജഹൽ അവർകൾ ആവശ്യപ്പെട്ടപ്പോൾ അബൂജഹലിനു അദ്ദേഹം കൊടുത്ത മറുപടി ഇപ്രകാരമായിരുന്നു.... “ഞാനെന്താണ് പറയേണ്ടത്?ഗദ്യത്തിലും, പദ്യത്തിലും, ജിന്നുകളുടെ കാവ്യങ്ങളിലും, അറബി ഭാഷയുടെ മറ്റേതൊരു സാഹിത്യ ശാഖയിലും അഗാധമായ അറിവ് എനിക്കുണ്ട്..ദൈവം തന്നെ സത്യം ഈ മനുഷ്യൻ (മുഹമ്മദ് ) സമർപ്പിക്കുന്ന വചനങ്ങൾക്ക് അവയൊന്നിനോടും സാദൃശ്യമില്ല. അതിലെ വചനങ്ങൾക്ക് വിസ്മയാവഹമായ ഒരു മാധുര്യവും പ്രത്യേകമായൊരു ഭംഗിയുമുണ്ട്. തീർച്ചയായും അത് സർവ്വവചനങ്ങളേക്കാളും ഉന്നതമാണ്. അതിനെ ഇകഴ്ത്തിക്കാണിക്കാൻ മറ്റൊരു വചനത്തിനും സാധ്യമല്ല. അതിന്റെ കീഴിൽ അകപ്പെടുന്ന സകലതിനെയും അത് തകർത്ത് കളയും..തീർച്ച്..” ...ഇതൊരു അമുസ്ലിമിന്റെ പ്രസ്ഥാവനയാണെന്ന് നാം ഓർക്കണം. ഖുർആന്റെ മൂല്യത്തെക്കുറിച്ച് ഇതിനേക്കാൾ നല്ല ഒരു സർട്ടിഫിക്കേറ്റിന്റെ ആവശ്യമില്ല.


നമ്മുടെ ബൂലോകത്ത് ജീർണ്ണിച്ച അന്ധവിശ്വാസങ്ങൾക്കെതിരെ മാനവിക വെളിച്ചം പകരാൻ സന്നദ്ധരായി മുന്നിട്ടിറങ്ങി ബ്ലോഗുകൾ തയ്യാറാക്കുന്നുവർ അറബിസാഹിത്യത്തെക്കുറിച്ചും അതിലെ അവിശ്വാസികളായ സാഹിത്യാതികായന്മാർ ഖുർആനെക്കുറിച്ചെന്ത് പറഞ്ഞെന്നും അറിയാതെയാണ് ഇത്തരം ബ്ലോഗെഴുതുന്നതെന്ന് കരുതാൻ മന്ദബുദ്ധികളോ അല്ലെങ്കിൽ ഒറ്റക്കണ്ണന്മാരോ ബ്ലോഗെഴുതാറുണ്ടെന്ന് ഞാൻ കേട്ടിട്ടില്ല . ചില ബ്ലോഗുകൾ പോള്ളയായ വാദങ്ങൾ നിരത്തിയാണ് മുസ്ലിം സമുദായത്തെ കരിവാരിത്തേക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. സഹിഷ്ണുത തെട്ടു തീണ്ടിയിട്ടില്ലാത്ത കുബുദ്ധികളുടെ ഒരു കൂട്ടം മറുഭാഗത്തെ മതഭ്രാന്തരെന്നും, അക്രമികൂട്ടമെന്നും ആക്ഷേപിച്ച് അത്തരം ബ്ലോഗുകളെ പിന്താങ്ങുകയും ചെയ്യുന്നു.ബ്ലോഗിലൂടെ തന്നെ പലരും വ്യക്തമായ മറുപടികൾ കൊടുക്കുന്നത് സന്തോഷാവഹമാണു. പോരാത്തതിന് തമ്മിൽ തല്ലിച്ച് ചോരയൂറ്റിക്കുടിക്കാൻ ആപ്പോ അല്ലെങ്കിൽ കോപ്പോ ഒക്കെ വെച്ച് കൊഴുപ്പിക്കുന്ന തരത്തിലുള്ള ബ്ലോഗുകളും ഇവിടെ കുറവല്ല.

യുക്തിവാദമെന്നാൽ കാര്യ കാരണ ബന്ധത്തെ അടിസ്ഥാനമാക്കി ചിന്തിക്കുക എന്നെ അർത്ഥമുള്ളൂ. അന്ധമായ വിരോധം നിമിത്തം ഒരു വിഭാഗം വിശ്വാസ സമൂഹത്തെയും അവരുടെ വിശ്വാസപ്രമാണങ്ങളെയും അവഹേളിച്ചത് കൊണ്ടോ ഇകഴ്ത്തിക്കാണിച്ചത് കൊണ്ടോ യുക്തിവാദമാകുകയില്ല...അതിന് മന്ദവാതം എന്ന് പറയുന്നതായിരിക്കും ശരി.
~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~
ഞാൻ ബ്ലോഗിൽ ഒരു തുടക്കക്കാരൻ മാത്രം.